നേർച്ച നിറവേറ്റാതിരിക്കുന്നത് പാപമോ?

അവലംബം
സൺ‌ഡേ ശാലോം
(ഈ ലേഖനം സൺ‌ഡേ ശാലോമിൽ നിന്നും പകർത്തിയതാണ്)
ലേഖകൻ
ഫാ. ജോസഫ് വയലിൽ സി.എം.ഐ
(മുൻ പ്രിൻസിപ്പൽ, ദേവഗിരി കോളേജ്, കോഴിക്കോട്)

പ്രഭാഷകന്റെ പുസ്തകം 18:22-23 ഇപ്രകാരമാണ്: നേർച്ച യഥാകാലം നിറവേറ്റുന്നതിൽ നിന്ന് ഒന്നും നിന്നെ തടസ്സപ്പെടുത്താതിരിക്കട്ടെ; അതു നിറവേറ്റുവാൻ മരണംവരെ കാത്തിരിക്കരുത്. നേർച്ച നേരുന്നതിനു മുമ്പ് നന്നായി ചിന്തിക്കുക; കർത്താവിനെ പരീക്ഷിക്കുന്നവനെപ്പോലെ ആകരുത്.

മേൽവിവരിച്ച വചനങ്ങൾ പ്രധാനമായും രണ്ട് കാര്യങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. നേർച്ച നേർച്ചകൾ നിറവേറ്റണം; നിറവേറ്റാൻ വൈകിക്കരുത് എന്നതാണ് ഒന്നാമത്തെ കാര്യം. നേർച്ചകൾ നേരുന്നതിനുമുമ്പ് ആലോചിക്കണം എന്നതാണ് രണ്ടാമത്തെ കാര്യം. ഈ രണ്ട് കാര്യങ്ങളും പ്രധാനപ്പെട്ടതാണ്.

എന്തിനാണ്, എപ്പോഴാണ് നേർച്ചകൾ നേരുന്നത്? ആദ്യമായി, എപ്പോഴാണ് നേർച്ചകൾ നേരുന്നത് എന്ന് ചിന്തിക്കക്കാം. ഒറ്റവാക്കിൽ പറഞ്ഞാൽ, നമ്മുടെ പരിശ്രമങ്ങൾ ഫലവത്താകാതെ വരുമ്പോഴാണ്. സാധാരണ ഗതിയിൽ നമ്മളാരും നേർച്ചകൾ നേരാറില്ല. എന്നാൽ ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകും. രോഗങ്ങൾ, മരണാകരമായ അവസ്ഥ, കടബാധ്ത, ജോലി നഷ്ടപ്പെടുവാനുള്ള സാധ്യത, കുടുംബ-ദാമ്പത്യ പ്രശ്‌നങ്ങൾ ഇങ്ങനെ പലതും. അപ്പോൾ സഹായത്തിനായി നാം ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കും. വിശുദ്ധരെ വിളിച്ച് മാധ്യസ്ഥം യാചിക്കും.

ചില വാഗ്ദാനങ്ങൾ നമ്മൾ സ്വയം ഏറ്റെടുക്കും. ഈ വാഗ്ദാനത്തിന്റെ കാതൽ ഇതാണ്- ഇപ്പോൾ ഈ പ്രതിസന്ധിയിൽ അങ്ങ് എന്നെ സഹായിച്ചാൽ പ്രത്യുപകാരമായി ഞാൻ ഇന്ന കാര്യം ചെയ്തുകൊള്ളാം. ഉദാഹരണം, എന്റെ ഭർത്താവ് മദ്യപാനം നിർത്തിയാൽ ഞാൻ ഒമ്പതു ശനിയാഴ്ചകൾ അടുപ്പിച്ച് നൊവേനയിൽ കൂടിക്കൊള്ളാം. എന്റെ വിവാഹം വേഗം നടന്നാൽ ഞാ നും ഭർത്താവും കൂടി ഉടൻ ധ്യാനം കൂ ടിക്കൊള്ളാം…ഇങ്ങനെ പലതരത്തിൽ നമ്മൾ നേർച്ചകൾ നേരുന്നു. ചുരുക്കത്തിൽ, നമ്മുടെ പ്രതിസന്ധികളിൽ, ഇടപെട്ട് രക്ഷിക്കണമേ; രക്ഷിച്ചാൽ ഞാൻ പ്രതിനന്ദിയായി ഇങ്ങനെ ഒരു കാര്യം ചെയ്തുകൊള്ളാം എന്ന വാഗ്ദാനമാണ് നേർച്ചയുടെ കാതൽ. ഇങ്ങനെ നേർച്ചകൾ നേരുകയും അതിശക്തമായി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ അത്ഭുതങ്ങൾ നാം കാണാറുണ്ട്.

മറ്റുവിധത്തിൽ പറഞ്ഞാൽ, നേർച്ചകൾക്ക് ഫലം കിട്ടാറുണ്ട്. നേർച്ചകൾ നേർന്ന് പ്രാർത്ഥിച്ച് നിരവധിയായ ദൈവാനുഗ്രഹങ്ങൾ നേടുന്നവരെ നാം കണ്ടുമുട്ടുകയും ചെയ്യുന്നു. സ്വാഭാവികമായും നേർച്ചകൾ നിറവേറ്റുവാനുള്ള ധാർമ്മികമായ ഉത്തരവാദിത്വം നമുക്കുണ്ട്. അധികംപേരും അത് നിറവേറ്റുകയും ചെയ്യുന്നു.എന്നാൽ ചിലരാകട്ടെ, അത് നിറവേറ്റാറില്ല. ചിലർനീട്ടിക്കൊണ്ടുപോകുന്നു. മറ്റു ചിലർ, നേർച്ചകൾ നിറവേറ്റാനുള്ള പ്രയാസങ്ങൾ ഓർത്ത് നീട്ടിക്കൊണ്ടുപോവുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യുന്നു. ഇതൊന്നും ശരിയല്ല. വാക്ക് പാലിക്കണം. ഉദ്ദിഷ്ടകാര്യം സാധിച്ചാൽ എത്രയും വേഗം നേർച്ചകൾ നിറവേറ്റണം.

നേർച്ചകൾ നിറവേറ്റുവാൻ സാഹചര്യം ഉണ്ടായിട്ടും അവ നിറവേറ്റാതെ ജീവിക്കുന്ന പലർക്കും പിന്നീട് പ്രതിസന്ധികൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. ഈ പ്രതിസന്ധികളിലൂടെ മനപ്രയാസവും രോഗവും പണനഷ്ടവും സമയനഷ്ടവും മറ്റും ഉണ്ടാകുന്നുണ്ട്. എന്നാൽ, ഇതിന്റെ എത്രയോ കുറഞ്ഞ സമയം കൊണ്ടും പണംകൊണ്ടും നേർച്ചകൾ നിറവേറ്റുവാൻ കഴിയുമായിരുന്നു. ചില കുടുംബത്തിൽ തലമുറകൾക്കുമുമ്പ് നേർന്ന നേർച്ചകൾ പോലും നിറവേറ്റപ്പെടാതെ കിടക്കുന്നുണ്ട്. രണ്ടാം തലമുറയ്ക്കും മൂന്നാം തലമുറയ്ക്കുമെല്ലാം ഇത് അറിയാം. നിറവേറ്റാനുള്ള കഴിവും ചുറ്റുപാടുകളും ഉണ്ട്. പക്ഷേ നിറവേറ്റണം എന്ന ആഗ്രഹമില്ല. ഇത് ശരിയല്ല.

വേറെ ചിലരുണ്ട്. നിവൃത്തികേടുകൊണ്ടും മറ്റും നേർച്ചകൾ നിറവേറ്റാൻ പറ്റാത്തവർ ഇങ്ങനെയുള്ളവർക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്. വികാരിയച്ചനോടോ, കുമ്പസാരക്കാരനോടോ ആത്മീയ ഉപദേഷ്ടാവായ ഒരു വൈദികനോടോ ഇക്കാര്യം ചർച്ച ചെയ്ത് ഒരു പരിഹാരം ഉണ്ടാക്കാൻ കഴിയും. നിവൃത്തികേടുകൊണ്ടാണ് നേർച്ച നിറവേറ്റാത്തതെന്ന് അച്ചന് ബോധ്യപ്പെട്ടാൽ നേർച്ചയെ ലഘൂകരിച്ചുകൊടുക്കുവാൻ കഴിയും. അതായത് ചെയ്യാൻ പറ്റാത്ത നേർച്ചയെ, ചെയ്യാൻ പറ്റുന്ന ഒന്നാക്കി മാറ്റുക. പക്ഷേ നിവൃത്തികേട് ഉള്ളപപ്പോഴേ ഇങ്ങനെ ചെയ്യാവൂ. ഹൃദയപരമാർത്ഥത വളരെ പ്രധാനമാണ്.

ഇനി രണ്ടാമത്തെ കാര്യം: നേർച്ചകൾ നേരുന്നതിനുമുമ്പ് നന്നായി ചിന്തിക്കുക. അത് വളരെ പ്രധാനമാണ്. നിറവേറ്റാൻ സാധ്യതയില്ലാത്ത നേർച്ചകൾ നേരരുത് എന്ന് സാരം. നാൽപത് ദിവസം നോമ്പ് അഥവാ വ്രതം അനുഷ്ഠിച്ചുകൊള്ളാമെന്ന്, അത് സാധ്യമാക്കാൻ പറ്റാത്തവർ നേരരുത്. വേളാങ്കണ്ണിക്കോ, അരുവിത്തുറക്കോ ഇടപ്പള്ളിക്കോ അതുപോലുള്ള മറ്റു സ്ഥലങ്ങളിലേക്കോ തീർത്ഥാടനം നടത്തിക്കൊള്ളാം എന്ന് അതിന് സാധ്യത ഇല്ലാത്തവർ നേരരുത്.

പകരം നിറവേറ്റാൻ പറ്റുമെന്ന് ഉറപ്പുള്ള നേർച്ചകൾ നേരുക; അത് എത്രയും വേഗം നിറവേറ്റുകയും ചെയ്യുക. ഈ ആത്മാർത്ഥതയാണ് ദൈവസന്നിധിയിൽ വിലയുളളതാകുന്നത്.

ഫാ. ജോസഫ് വയലിൽ
25 ജനുവരി 2020