ചേരുംകുഴി സ്കൂൾ, ചരിത്രത്തിലൂടെ

ഉദ്ഘാടനം
10 ഒക്ടോബർ 1973
അഡ്രസ്സ്
ജി.യു.പി.എസ്, ആശാരിക്കാട്, ചേരുംകുഴി, തൃശ്ശൂർ, പിൻ: 680751.

ഒരു നാടിന്റെ വളര്‍ച്ചയ്ക്ക് പള്ളിയോടനുന്ധിച്ച് പള്ളിക്കൂടങ്ങളും അത്യാന്താപേക്ഷിതമാണ് എന്ന ആശയം കേരള ക്രൈസ്തവരുടെ മാത്രം പ്രത്യേകതയാണ്. ചേരുംകുഴി പള്ളിയോടനുന്ധിച്ചും ഒരു പള്ളിക്കൂടം വേണമെന്ന ആശയം ഇടവകക്കാരില്‍ ഉദിച്ചത് 1960-ലാണ്. ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം 1967-ല്‍ ബഹു. സിറിയക് വടക്കനച്ചന്റെ നേതൃത്വത്തില്‍ വരിക്കമാക്കല്‍ തൊമ്മന്‍ തൊമ്മന്‍ കണ്‍വീനറും 9 അംഗ കമ്മിറ്റിയും സ്‌കൂളിനു വേണ്ടി രൂപീകരിക്കപ്പെട്ടു. ഇടവകക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും സ്വരുക്കൂട്ടിയ തുക ഉപയോഗിച്ച് ചേരുംകുഴി സെന്ററില്‍ പുതുവീട്ടില്‍ ചാക്കോ വര്‍ഗ്ഗീസിന്റെ കൈവശമുണ്ടായിരുന്ന ഒരേക്കര്‍ ഭൂമി പള്ളി വാങ്ങുകയും അതിന് ആവശ്യമായ അനുവാദം മേലധികാരികളില്‍ നിന്ന് വാങ്ങുകയും ചെയ്തു. എന്നാല്‍ പള്ളിയുടെ ഈ സ്ഥലം സ്‌കൂള്‍ കെട്ടിടത്തിന് അനുയോജ്യമല്ല എന്ന് കാണുകയാല്‍ പിന്നീട് ഈ സ്ഥലം ആനിക്കാട്ട് മത്തായി ജോസഫിന് നല്‍കുകയും അദ്ദേഹത്തിന്റെ സ്ഥലം (ഇാേഴത്തെ സ്ഥലം) സ്‌കൂളിനായി കൈമാറുകയും ചെയ്തു.

1969 ജനുവരി 26-ാം തിയ്യതി ബഹു. റാഫേല്‍ മാള്യേമ്മാവ് അച്ചന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ പള്ളിയുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയതിനോടൊം സ്‌കൂളിന്റെ പ്ലാനും എസ്റ്റിമേറ്റും കൂടി തയ്യാറാക്കി. മാര്‍ച്ച് മാസത്തില്‍ അച്ചന്‍ അരമനയില്‍ നിന്നും 1000 രൂപ കടം വാങ്ങി സ്‌കൂളിനു വേണ്ടി ഇഷ്ടികയും കല്ലും വാങ്ങിച്ചു.

1972 മാര്‍ച്ച് 5-ന് സെബാസ്റ്റ്യന്‍ പേരൂട്ടിലച്ചന്റെ കാലത്ത് പള്ളിയോഗത്തില്‍ വെച്ച് സ്‌കൂള്‍ കെട്ടിടം പണിയുന്നതിനും സ്‌കൂള്‍ അനുവദിച്ചു കിട്ടുന്നതിനും ആവശ്യമായ കമ്മിറ്റിയെ വീണ്ടും ശക്തമാക്കി. ക്ലാസ്സ് മുറികള്‍ പണിയുന്നതിലേക്കായി വീടൊന്നിന് മൂന്ന് പണിയും ഏറ്റവും കുറഞ്ഞത് 5 രൂപയും വീതം ഇടവകയിലെ എല്ലാ വീട്ടുകാരില്‍ നിന്നും പിരിച്ചെടുക്കാന്‍ തീരുമാനിച്ച് പണി ആരംഭിച്ചു. ചേരുംകുഴി പള്ളി പുതുക്കി പണിയുന്നതിനാല്‍ പഴയ പള്ളിയുടെ പ്രധാന കട്ടിളയും വാതിലും സ്‌കൂളിന് നല്‍കി. അതാണ് സ്‌കൂളിന്റെ ഓഫീസ് മുറിയുടെ കവാടം. സ്‌കൂളിന്റെ ആദ്യ നാലു മുറികള്‍ പണിതു കഴിഞ്ഞിട്ടും അനുവാദം ലഭിക്കാതായപ്പോള്‍ 1972 ഒക്‌ടോര്‍ 9-ന് പള്ളിയോഗ തീരുമാനപ്രകാരം പ്രസ്തുത കമ്മിറ്റിയെ പിരിച്ചുവിട്ടു.

1972 - 1973 കാലഘട്ടം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ പിടിച്ചു കുലുക്കിയ കോളേജ് സമരത്തിന്റെ കാലമായിരുന്നു. മാനേജ്‌മെന്റിന് യാതൊരു വിധത്തിലും സ്‌കൂള്‍ അനുവദിച്ചു കിട്ടാന്‍ സാഹചര്യം ഇല്ലാതിരുന്നതിനാല്‍ അന്നത്തെ വികാരിയായിരുന്ന ജേക്കബ് പുതുശ്ശേരിയച്ചന്റെ നേതൃത്വത്തില്‍ 1973 സെപ്തംര്‍ 23-ന് പള്ളി യോഗം കൂടുകയും പ്രസ്തുത യോഗത്തില്‍ സ്ഥലവും സ്‌കൂളും ഗവണ്മെന്റിന് വിട്ടുകൊടുക്കുന്നതിന് അരമനയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന് ഈ നാട്ടുകാരെ പ്രേരിപ്പിച്ചത് തങ്ങളുടെ മക്കള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ ഓര്‍ത്താണ്. റോഡുകളും വാഹനങ്ങളും ഇല്ലാതിരിക്കുകയും, കുന്നും മലയും തോടും കയറിയിറങ്ങി മഴയത്ത് കണ്ണാറ, വലക്കാവ്, പട്ടിക്കാട് സ്‌കൂളുകളിലേക്ക് പോകുന്നത് കൊച്ചു കുട്ടികള്‍ക്ക് തീര്‍ത്തും ദുഷ്‌ക്കരമായിരുന്നു. മനസ്സില്ലാ മനസ്സോടെയാണ് സ്‌കൂള്‍ ഗവണ്മെന്റിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ നടത്തിപ്പിനായി പള്ളിയില്‍ നിന്നും 300/- രൂപ നല്‍കാനും അന്ന് തീരുമാനിച്ചു. അധികം താമസിയാതെ ഗവണ്മെന്റ് സ്‌കൂളിന് അനുവാദം നല്‍കുകയും 1973 ഒക്ടോബർ 10-ാം തിയ്യതി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. എല്‍.പി വിഭാഗം മാത്രമുണ്ടായിരുന്ന സ്‌കൂളില്‍ യു.പി. വിഭാഗം കൂടി ആരംഭിക്കുവാന്‍ ക്ലാസ്മുറികള്‍ പണിയുന്നതിനായി 1975-ല്‍ ഗവണ്മെന്റില്‍ നിന്നും അറിയിപ്പ് ലഭിച്ചു. ഇതിനായി നരിമറ്റം ജോസഫില്‍ നിന്നും അര ഏക്കര്‍ സ്ഥലം വിലക്ക് വാങ്ങിക്കുകയും കമ്മിറ്റി രൂപീകരിക്കുകയും ജനങ്ങളില്‍ നിന്ന് സംഭാവന എടുക്കുകയും ചെയ്തു. പള്ളിയുടെ കീഴിലുണ്ടായിരുന്ന വൈ.എം.എ ക്ലബ്ബും ബഹു. പുതുശ്ശേരിയച്ചനും കൂടി യു. പി സ്‌കൂള്‍ പണിക്കായി 2500/ രൂപ നല്‍കി. സ്‌കൂള്‍ പറമ്പിന്റെ തെക്കെ ഭാഗത്തുള്ള ക്ലാസ്മുറികളെല്ലാം ഈ സമയത്ത് പടുത്തുയര്‍ത്തിയതാണ്.

1981-ല്‍ സ്‌കൂള്‍ കെട്ടിടം കേടുവന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ച് പള്ളിയില്‍നിന്ന് 501 രൂപ സംഭാവന നല്‍കുകയുണ്ടായി. 1982-ല്‍ സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍ ആയതിനാല്‍ സ്‌കൂളിന്റെ അപേക്ഷ പരിഗണിച്ച് രണ്ട് ക്ലാസുകള്‍ നടത്തുന്നതിന് പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ കെട്ടിടം വിട്ടുകൊടുക്കുവാന്‍ തീരുമാനിച്ചു. എങ്കിലും പണികള്‍ കഴിഞ്ഞതിനാല്‍ സ്‌കൂളില്‍തന്നെ ക്ലാസുകള്‍ തുടര്‍ന്നു.

സ്‌കൂള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ബഹു. ജേക്കബ് പുതുശ്ശേരിയച്ചന്റെ ഓര്‍മ്മ എന്നും നിലനില്‍ക്കും, പ്രത്യേകിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍. അച്ചന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞെങ്കിലും ചേരുംകുഴി ആശാരിക്കാട് ദേശക്കാര്‍ക്ക് അച്ചനെ മറക്കാന്‍ സാധിക്കുകയില്ല.

സ്‌കൂളിന്റെ ആരംഭം മുതല്‍ 2000 വരെ ചേരുംകുഴി ഇടവക വികാരിയുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു സ്‌കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്നിരുന്നത്. 1973-ല്‍ ഗവണ്മെന്റിന് കൈമാറിയ ചേരുംകുഴിയിലെ സ്‌കൂള്‍ വലിയ മാറ്റമൊന്നും സംഭവിക്കാതെ യു.പി തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് വേദനയോടെ മാത്രം നോക്കി നില്‍ക്കുവാനും തുടര്‍ വിദ്യാഭ്യാസത്തിന് വളരെ ദൂരെയുള്ള മറ്റ് സ്‌കൂളുകളെ ആശ്രയിക്കേണ്ട ഗതികേടിലുമാണ് ഈ നാട്ടിലെ കുഞ്ഞുമക്കള്‍.