ക്രൈസ്തവർ ദയാവധത്തെ എതിർക്കാൻ കാരണം

അവലംബം
സൺ‌ഡേ ശാലോം
(ഈ ലേഖനം സൺ‌ഡേ ശാലോമിൽ നിന്നും പകർത്തിയതാണ്)
ലേഖകൻ
റവ.ഡോ. സ്റ്റീഫൻ ആലത്തറ
(ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, സി.സി.ബി.ഐ)

രോഗത്താൽ പീഡനങ്ങൾ അനുഭവിക്കുന്നവരേയോ മരണാസന്നരായ രോഗികളേയോ രോഗികളുടെ ആവശ്യപ്ര കാരമോ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമോ അത്യാവ ശ്യമായ ചികിത്സ നൽകാതെയോ വിഷാംശമുള്ള മരുന്നുകൾ കുത്തിവെച്ചോ കൊല്ലുന്നതിനെയാണ് ദയാവധം എന്ന് വിളിക്കുന്നത്. ‘യുത്തനേസിയ'(euthanasia) എന്ന ഗ്രീക്ക് പദത്തി ന്റെ അർത്ഥം വേദനകൂടാതെയുള്ള എളുപ്പമരണമെന്നാണ്.

ദയാവധം മൂന്നു വിധത്തിലുണ്ട്. രോഗിയുടെ അനുവാദ ത്തോടെ രോഗിയെ കൊല്ലുന്നതും (Voluntary Euthanasia) രോഗം കാരണം രോഗിക്ക് അനുവാദം നല്കാൻ പറ്റാത്ത സാഹചര്യത്തിൽ രോഗിക്കുവേണ്ടി ബന്ധുക്കളോ ഡോക്ടർ മാരോ തീരുമാനം കൈക്കൊണ്ട് രോഗിയെ വധിക്കുന്ന രീ തിയും (Non-voluntary Euthanasia) രോഗിയുടെ ആഗ്രഹത്തിന് വിപരീതമായി ഡോക്ടർമാർ രോഗിയെ വധിക്കുന്നതും (Involuntary Euthanasia) ദയാവധത്തിന്റെ മൂന്നു തലങ്ങളാണ്.

ദയാവധം രണ്ടു തരത്തിലാണ് നടപ്പാക്കുന്നത്. നിഷ്‌ക്രിയ ദയാവധം(Passive Euthanasia), നേരിട്ടുള്ള ദയാവധം (Active Euthanasia). ഭക്ഷണവും ഔഷധവും ഉൾപ്പെടെ മരണം നീട്ടിക്കൊണ്ടു പോകുന്നതിനുള്ള സംവിധാനങ്ങൾ പിൻവലിച്ച് ദയാവധം നടത്തുന്ന രീതിയാണ് നിഷ്‌ക്രിയ ദയാവധം. മരുന്ന് കുത്തിവച്ച് മരണം നേരിട്ട് ഉറപ്പാക്കുന്ന രീതിയാ ണ് നേരിട്ടുള്ള ദയാവധം.

രോഗികളെ കൊല്ലുന്ന രീതി അതിപുരാതനമായ സമ്പ്രദാ യമാണ്. ബി. സി. 400കളിൽ ഗ്രീക്ക് സംസ്‌ക്കാരത്തിൽ ദയാ വധം നടപ്പിലാക്കിയതിന് തെളിവുണ്ട്. 1300-ൽ ബ്രിട്ടീഷ് രാ ജ്യമാണ് ദയാവധം നിയമം മൂലം നിറുത്തലാക്കിയ ആദ്യ രാജ്യം. ഇന്ന് ലോകത്തിൽ അഞ്ച് രാജ്യങ്ങൾ മാത്രമേ ദയാവ ധം നിയമവിധേയമാക്കിയിട്ടുള്ളു. ബെൽജിയം, ലുക്‌സം ബുർഗ്, നെതർലന്റ്, സ്വിറ്റ്‌സർലണ്ട്, തായ്‌ലാന്റ് എന്നീ രാ ജ്യങ്ങളാണത്. കൂടാതെ ഓസ്‌ട്രേലിയയിലെ ഒരു സം സ്ഥാനത്തും അമേരിക്കയിലെ രണ്ട് സംസ്ഥാനങ്ങളിലും ദ യാവധം അനുവദനീയമാണ്. ലോകത്തിലെ പ്രധാനമതങ്ങൾ എല്ലാം തന്നെ ദയാവധത്തെ കൊലപാതകമായാണ് പരി ഗണിക്കുന്നത്.

കത്തോലിക്കാസഭ ദയാവധത്തെ എതിർക്കുന്നത് മൂന്നു കാര്യങ്ങൾകൊണ്ടാണ്. സഭാ പഠനങ്ങൾ അനുസരിച്ച് ദൈവവിശ്വാസത്തിന്റെയും ധാർമ്മിക മൂല്യങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും ലംഘനം ദയാവധത്തിലുണ്ട്. 1980 മെയ് അഞ്ചിന് ഭാഗ്യസ്മരണാർഹനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഭരണകാലഘട്ടത്തിൽ ദയാവധത്തെക്കുറിച്ച് സാർവത്രിക സഭയുടെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച അപ്പസ്‌തോലിക രേഖയാണ് ദയാവധത്തെക്കുറിച്ചുള്ള സഭയുടെ അടിസ്ഥാനപഠന രേഖ.

1962മുതൽ 1965വരെ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയായ ‘സഭ ആധുനികലോകത്തിൽ’ (Gaudium et spes. 27) ദയാവധത്തെ കൊലപാതകമായാണ് നിർവചിച്ചിട്ടുള്ളത്. സഭാ വിശ്വാസമനുസരിച്ച് ജീവന്റെ ദാതാവ് ദൈവമാണ്. മനുഷ്യജീവൻ നശിപ്പിക്കാനോ, ഇല്ലാതാക്കാനോ വ്യക്തികൾക്ക് അധികാരവും അവകാശവുമില്ല.

സഭാ പഠനമനുസരിച്ച് ദയാവധം കൊലപാതകമാണ്. ദയാവധത്തിന് പ്രേരിപ്പിക്കുന്നവരും അതുമായി സഹകരിക്കുന്ന ഡോക്ടർമാരും നേഴ്‌സുമാരുമുൾപ്പെടെയുള്ളവരും കൊലപാതകത്തിൽ പങ്കുകാരാണ്. അഞ്ചാമത്തെ ദൈവകല്പ്പന കൊല്ലരുത് എന്ന് പഠിപ്പിക്കുന്നു (പുറപ്പാട് 20:13; നിയമാവർത്തനം 5:17), ‘നീ കൊല്ലരുത്’ എന്ന കൽപ്പന കർത്താവ് മലയിലെ പ്രസംഗത്തിൽ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട് (മത്താ. 5:21). ”പരോക്ഷമായി ഒരു വ്യക്തിയുടെ മരണം ഉളവാക്കുക എന്ന ഉദ്ദേശത്തോടെ എന്തെങ്കിലും ചെയ്യുന്നത് അഞ്ചാം കൽപ്പനയുടെ ലംഘനമാകുന്നു” എന്ന് സാർവത്രിക സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു. (CCC-2269).

വ്യക്തിയുടെ മഹത്വവും മനുഷ്യജീവന്റെ മഹത്വവും ദയാവധത്തിൽ ലംഘിക്കപ്പെടുന്നു. ജീവിക്കുകയും ജീവൻ നിലനിർത്തുകയും ചെയ്യുക എന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്. 1948 ഡിസംബർ 10-ന് പ്രാബല്യത്തിൽ വന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ മൂന്നിൽ ജീവിക്കാനുള്ള വ്യക്തിയുടെ അടിസ്ഥാനപരമായ അവകാശത്തെയാണ് വിവരിക്കുന്നത്. ”മനുഷ്യജീവൻ അതിന്റെ ആരംഭം മുതൽ ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനം ഉൾക്കൊള്ളുന്നതുകൊണ്ടും അതിന്റെ ഏകലക്ഷ്യമായ സ്രഷ്ടാവുമായുള്ള സവിശേഷബന്ധത്തിൽ എന്നും നിലനിൽക്കുന്നതു കൊണ്ടും പാവനമാണ്.

ദൈവം മാത്രമാണ് ആരംഭംമുതൽ അവസാനംവരെ ജീവന്റെ ഉടയവൻ; നിരപരാധിയായ ഒരു മനുഷ്യജീവിയെ നേരിട്ട് നശിപ്പിക്കാൻ ആർക്കും യാതൊരു സാഹചര്യത്തിലും അവകാശപ്പെടാൻ സാധിക്കില്ല”’ (CCC-2258; Donum Vitae-5). മരണം ആസന്നമെന്ന് തോന്നിയാലും ഒരു രോഗിക്ക് നൽകേണ്ട സാധാരണ പരിചരണം നിഷേധിക്കുന്നത് ശരിയല്ലന്നാണ് സഭയുടെ പഠനം. ”ജീവിതത്തിൽ ബലക്ഷയവും രോഗവുമുള്ളവർ പ്രത്യേക ബഹുമാനം അർഹിക്കുന്നു. കഴിയുന്നിടത്തോളം സാധാരണ ജീവിതം നയിക്കാൻ രോഗികളെയും വൈകല്യമുള്ളവരേയും സഹായിക്കണം. ലക്ഷ്യങ്ങളും മാർഗങ്ങളും എന്തായാലും വൈകല്യമുള്ളവരുടെയും രോഗികളുടെയും മരണാസന്നരുടെയും ജീവിതം അവസാനിപ്പിക്കുന്ന ദയാവധം ധാർമ്മികമായി സ്വീകാര്യമല്ല”(CCC-2277).

മനുഷ്യന്റെ ജീവൻ വിലപ്പെട്ടതാണ്, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് (ഉൽപത്തി 1:27). ദൈവം മനുഷ്യന് ജീവൻ നൽകിയിരിക്കുന്നത് അത് സംരക്ഷിക്കാനും സമ്പുഷ്ടമാക്കാനും ദൈവത്തിന് ഇഷ്ടപ്പെട്ടവിധം ജീവിക്കാനും അവിടുന്ന് നിശ്ചയിക്കുന്ന സമയത്ത് അത് അവിടുത്തേക്ക് തിരിച്ചേൽപ്പിക്കാനുമാണ്.

ജീവൻ സംരക്ഷിക്കാനും ബഹുമാനിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. ജീവൻ സംരക്ഷിക്കാനുള്ള കടമ വ്യക്തികൾക്കെന്നപോലെ ആ വ്യക്തി സമ്പർക്കം പു ലർത്തുന്ന എല്ലാവർക്കുമുണ്ട്. ബന്ധുക്കളും സ്‌നേഹിതരും അയൽക്കാരും നേഴ്‌സുമാരും ഡോക്ടർമാരും ജീവിക്കുന്ന സമൂഹവും ഈ കടമയിൽ പങ്കുകാരാകുന്നു. ജീവൻ, ഉപയോഗമില്ലാത്തതാണെങ്കിൽകൂടി നശിപ്പിക്കാൻ ധാർമ്മികമായി ആർക്കും അവകാശമില്ല.

ഉപയോഗശൂന്യമായതിനെ വലിച്ചെറിയുന്ന സംസ്‌കാരമാണ് ഉപഭോഗസംസ്‌കാരം. ജീവിക്കുന്ന വരെകൊണ്ട് സമൂഹത്തിന് ഉപയോഗമില്ലാതെ വരുമ്പോഴും രോഗികളുടെ ജീവിതം സമൂഹത്തിനും ബന്ധുക്കൾക്കും ഭാരമാകുമ്പോഴും അവരെ കൊന്നുകളയുക എന്നത് കിരാതമായ സമ്പ്രദായമാണ്. മരണാസന്നരായ രോഗിയേയും ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് വൈദ്യശാസ്ത്രം തീർപ്പ് കൽപ്പിക്കുന്നവരേയുമാണ് ദയാവധത്തിന് വിധേയമാക്കുക എന്ന തെറ്റായ വാദം ചിലർ വച്ചുപുലർത്തുന്നുണ്ട്.

ജീവൻ നൽകാൻ ദൈവത്തിനല്ലാതെ മറ്റാർക്കും സാധിക്കാതിരിക്കെ ജീവൻ തിരിച്ചെടുക്കാനും ദൈവത്തിനു മാത്രമേ അവകാശമുള്ളൂ. ക്രൈസ്തവ ദൈവശാസ്ത്ര ദർശനമനുസരിച്ച് സഹനത്തിന് രക്ഷാകരമൂല്യമുണ്ട്. ഒരു വ്യക്തിയുടെ സഹനങ്ങൾ തന്റെ തന്നെ ആത്മാവിന്റെ രക്ഷയ്‌ക്കോ ഇതര സഹോദരങ്ങളുടെ ആത്മരക്ഷയ്‌ക്കോ ഉപയോഗിക്കാൻ സാധിക്കും. പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയുമാണ് യേശുക്രിസ്തു ലോകത്തെ വീണ്ടെടുത്ത് രക്ഷിച്ചത്.

മാനസികമായും ശാരീരികമായും സഹിക്കുന്നവർ യേശുവിന്റെ സഹനത്തിൽ പങ്കുകാരും രക്ഷാകര പ്രവർത്തനത്തിൽ ഭാഗഭാക്കുകളുമാണ് (CCC-1521; 1508). സഹനത്തിന്റെ രക്ഷാകരമൂല്യം സഹിക്കുന്ന രോഗികളും അവരെ ശുശ്രൂഷിക്കുന്ന ബന്ധുക്കളും ഉൾക്കൊണ്ടാൽ ജീവിതം അലൗകിക സന്തോഷമായി പരിവർത്തനം ചെയ്യാൻ സാധിക്കും. നാം സഹനത്തിൽ നിന്ന് വഴിമാറിപ്പോയോ, ഓടിപ്പോയോ അല്ല രക്ഷ പ്രാപിക്കുന്നത്. പിന്നെയോ അത് സ്വീകരിക്കാനുള്ള കഴിവുകൊണ്ടാണ്.

അനന്തമായ സ്‌നേഹത്താൽ സഹനം ഏറ്റെടുത്ത ക്രിസ്തുവിലുള്ള ഐക്യത്തിലൂടെ സഹനത്തിന് അർത്ഥം കാണാൻ സാധിക്കണമെന്ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ പഠിപ്പിക്കുന്നു. (പ്രത്യാശയിൽ രക്ഷ 37). സഹിക്കുന്നതുകൊണ്ടും വ്യക്തിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാത്തതു കൊണ്ടും രോഗിയെ കൊല്ലുന്ന ദയാവധത്തിന്റെ വികലമായ വാദഗതികൾ, സഹനത്തെ യേശുവിനെപ്പോലെ സ്‌നേഹിക്കുകയും സഹനത്തിന്റെ രക്ഷാകരമൂല്യം തിരിച്ചറിയുകയും ചെയ്ത ദൈവവിശ്വാസിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.