വിശുദ്ധ ഗീവര്‍ഗ്ഗീസ്‌

ജനനം
കപ്പഡോഷ്യ
മരണം
ഏപ്രിൽ 23, 303
ലിഡിയ, സിറിയ പലസ്തീന, റോമാ സാമ്രാജ്യം
ഫീസ്റ്റ്
ഏപ്രിൽ 23

ക്രി.വ. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഒരു ക്രിസ്തീയ വിശുദ്ധനും രക്തസാക്ഷിയുമാണ് വിശുദ്ധ ഗീവര്‍ഗ്ഗീസ്‌. പല ക്രിസ്തീയസഭാവിഭാഗങ്ങളിലേയും പാരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായിൽ നിന്നുള്ള ഒരു റോമൻ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. പുണ്യവാളചരിതങ്ങൾ അനുസരിച്ച് കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ആംഗ്ലിക്കൻ സഭ എന്നിവയുൾപ്പെടെയുള്ള ക്രിസ്തീയവിഭാഗങ്ങളിൽ ഏറ്റവുമധികം വണങ്ങപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളാണ് ഇദ്ദേഹം. വ്യാളിയുമായി യുദ്ധം ചെയ്യുന്നതായി ചിത്രീകരിക്കുന്ന കഥ, ഈ വിശുദ്ധന്റെ വ്യാപകമായ യശസ്സിന്റെ ഉല്പത്തിയേയും നിലനില്പിനേയും ഏറെ സ്വാധീനിച്ചിട്ടിട്ടുണ്ട്. "വിശുദ്ധസഹായകർ" എന്നറിയപ്പെടുന്ന 14 ദിവ്യാത്മാക്കളിൽ ഒരാൾ കൂടിയായ ഇദ്ദേഹം സൈനികവിശുദ്ധന്മാരിൽ ഏറ്റവും പ്രധാനിയാണ്. മരണദിനമായി കരുതപ്പെടുന്ന ഏപ്രിൽ 23-നാണ് ഗീവർഗ്ഗീസിന്റെ തിരുനാൾ ആഘോഷിക്കാറുള്ളത്.

ലോകമൊട്ടാകെ ഒട്ടേറെ നാടുകളുടെ മദ്ധ്യസ്ഥനാണ് ഈ വിശുദ്ധൻ. ഇംഗ്ലണ്ട്, എത്യോപ്യ, ജോർജിയ, കാറ്റലോണിയ, മറ്റ് നിരവധി രാജ്യങ്ങൾ, നഗരങ്ങൾ, സർവ്വകലാശാലകൾ, തൊഴിലുകൾ, സംഘടനകൾ എന്നിവയെല്ലാം വിശുദ്ധ ഗീവർഗ്ഗീസിന്റെ മദ്ധ്യസ്ഥതയിൽ പെടുന്നു. ഇതിനു പുറമേ, ലോകത്താകമാനമുള്ള ജനങ്ങൾ ക്ഷുദ്രജീവികളിൽ നിന്നും കാത്തുരക്ഷിക്കുന്നതിനായി വിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ ആശ്രയിക്കുന്നത് സർവ്വസാധാരണമാണ്.

കേരളത്തിൽ പുരാതനകാലം മുതൽ ഏറെ വണങ്ങപ്പെടുന്ന ഒരു വിശുദ്ധനാണ് ഇദ്ദേഹം. ഗീവർഗ്ഗീസിന്റെ പേരിലുള്ള അനേകം ദേവാലയങ്ങൾ കേരളത്തിലുണ്ട്.അരുവിത്തുറ, ഇടപ്പള്ളി, പുതുപ്പള്ളി, ചന്ദനപ്പള്ളി, എടത്വാ, മൈലപ്രാ, പൊന്നമ്പി, അങ്കമാലി, കടമറ്റം മുതലായ സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള ദേവാലയങ്ങളും തിരുനാളുകളും ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. പുതുപ്പളളി ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാൾ വെച്ചൂട്ടും, ഹൈന്ദവ - ബൗദ്ധ - ക്രൈസ്‌തവ സംസ്കാരങ്ങളുടെ സംഗമഭൂമിയായ ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയപള്ളിപ്പെരുന്നാൾ ചെമ്പെടുപ്പും റാസയും ഏറെ പ്രസിദ്ധമാണ്. കേരളത്തിലെ കോട്ടയത്തിനടുത്തുള്ള സെന്റ് ജോർജ്ജ് ചർച്ച്, അരുവിത്തുറ വിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചുകിട്ടുന്നതിനു ഏറെ പ്രസിദ്ധമാണ്.

വി. ഗീവർഗ്ഗീസിനോടുള്ള പ്രാർത്ഥന

മഹാരക്തസാക്ഷിയായ വി. ഗീവർഗ്ഗീസേ, ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ ഞങ്ങൾ സ്വീകരിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിൽ ഞങ്ങളെ വളർത്തണമെ. എല്ലാ ആപത്തുകളിൽ നിന്നും, രോഗങ്ങളിൽ നിന്നും, അനർത്ഥങ്ങളിൽ നിന്നും, അപകടങ്ങളിൽ നിന്നും, അത്യാഹിതങ്ങളിൽ നിന്നും, ക്ഷുദ്രജീവികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമെ. അനുദിനജീവിതത്തിലെ ക്ലേശങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കണമെ. ഞങ്ങളുടെ അപേക്ഷകളൊക്കെയും അങ്ങയുടെ മദ്ധ്യസ്ഥതയിൽ ആശ്രയിച്ചുകൊണ്ട് പിതാവായ ദൈവത്തിനു ഞങ്ങൾ സമർപ്പിക്കുന്നു.
ആമ്മേൻ.