വിശുദ്ധ യൗസേപ്പ്

മരണം
നസറത്ത്
ഫീസ്റ്റ്
മേയ് 1 - തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ്

വിശുദ്ധ യൗസേപ്പ് ക്രിസ്തീയ വിശ്വാസ പ്രകാരം യേശുവിന്റെ വളർത്തു പിതാവും കന്യാമറിയത്തിന്റെ ഭർത്താവും ആണ്. പുതിയനിയമത്തിലെ ഏറ്റവും ആദ്യത്തെ ലിഖിതങ്ങളായ കരുതപ്പെടുന്ന പൗലോസിന്റെ ലേഖനങ്ങളോ കാനോനികസുവിശേഷങ്ങളിൽ ആദ്യത്തേതായ മാർക്കോസിന്റെ സുവിശേഷമോ യേശുവിന്റെ പിതാവിനേക്കുറിച്ച് പ്രതിപാദിക്കുന്നില്ല. മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളിലാണ് ദാവീദിന്റെ വംശത്തിൽ പെട്ട ജോസഫിനേക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കടന്നു വരുന്നത്.

സുവിശേഷങ്ങളിൽ

യേശുവിനെ കന്യാപുത്രനായി ചിത്രീകരിക്കുന്നെങ്കിലും, സുവിശേഷങ്ങളിലെ വംശാവലികളിൽ അദ്ദേഹത്തിന്റെ പൂർവികതയുടെ വഴി പുരോഗമിക്കുന്നത് യൗസേപ്പിലൂടെയാണ്. മത്തായിയുടെ സുവിശേഷത്തിൽ യൗസേപ്പിന്റെ പിതാവിന്റെ പേരു യാക്കോബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലൂക്കാ എഴുതിയ സുവിശേഷം പിന്തുടർന്നാൽ യൗസേപ്പ് ഹേലിയുടെ പുത്രനാണ്.

മത്തായിയുടെ സുവിശേഷത്തിലെ യേശുകഥയുടെ ഭാഗമായ ശൈശവാഖ്യാനം വലിയൊരളവുവരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ്. മറിയത്തിന്റേയും യേശുവിന്റേയും സംരക്ഷകന്റെ ചുമതല സ്വർഗ്ഗീയവെളിപാടുകളുടെ സഹായത്തോടെ നിർവഹിക്കുന്നവനായി യൗസേപ്പ് അതിൽ കാണപ്പെടുന്നു. സുവിശേഷങ്ങളിലെ പരസ്യജീവിതകഥയിൽ, അദ്ദേഹം രംഗത്തു നിന്നു നിഷ്ക്രമിച്ചിരിക്കുന്നെങ്കിലും യേശുവിന്റെ പിതാവെന്ന നിലയിലും ഒരു ആശാരിയെന്ന നിലയിലും അനുസ്മരിക്കപ്പെട്ടിരുന്നതായി അവിടേയും സൂചനകളുണ്ട്. (ലൂക്കാ 4:22, യോഹന്നാൻ 1.45, മത്തായി 13:55). സുവിശേഷങ്ങളിലുള്ള വിരളമായ പരാമർശങ്ങളിൽ തെളിയുന്ന യൗസേപ്പിന്റെ ചിത്രം ദയാലുവും, ഉദാരമനസ്കനും വിനീതനും, അതിനെല്ലാമുപരി കിടയറ്റ നീതിബോധം പുലർത്തിയവനുമായ ഒരു മനുഷ്യന്റേതാണ്. "അവളുടെ (മറിയത്തിന്റെ) ഭർത്താവായ യൗസേപ്പ് നീതിമാനായിരുന്നു" എന്ന അസന്ദിഗ്‌ദ്ധസാക്ഷ്യം മത്തായിയുടെ സുവിശേഷത്തിൽ (1:19) കാണാം.

പാരമ്പര്യം

രണ്ടാം നൂറ്റാണ്ടിലെ "യാക്കോബിന്റെ ആദിസുവിശേഷം" എന്ന അകാനോനിക രചന യൗസേപ്പിനെക്കുറിച്ച് ഐതിഹ്യസ്വഭാവമുള്ള പല വിവരങ്ങളും നൽകുന്നു. മേരിയെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹം ഒരു വൃദ്ധവിഭാര്യനായിരുന്നു എന്ന ഇടക്കാലപാരമ്പര്യത്തിന്റെ സ്രോതസ്സ് ആ രചനയാണ്. അതനുസരിച്ച്, സുവിശേഷങ്ങളിൽ പരാമർശിക്കപ്പെടുന്ന "യേശുവിന്റെ സഹോദരീ-സഹോദരന്മാർ", യൗസേപ്പിന്റെ മുൻവിവാഹത്തിലെ മക്കളാണ്. എന്നാൽ പിൽക്കാലപാരമ്പര്യത്തിന് ഈ വിശദീകരണം അസ്വീകാര്യമായതോടെ യൗസേപ്പ് ബ്രഹ്മചര്യനിഷ്ഠനായ വിശുദ്ധതാപസനും യേശുവിന്റെ സഹോദരീ സഹോദരന്മാർ യൗസേപ്പിന്റേയോ മറിയത്തിന്റേയോ സഹോദരങ്ങളുടെ സന്താനങ്ങളുമായി ചിത്രീകരിക്കപ്പെട്ടു.

വണക്കം

പിൽക്കാലസഭയിൽ യൗസേപ്പിന്റെ വണക്കം ക്രമാനുഗതമായി ശക്തിപ്രാപിച്ചു. ആവിലായിലെ ത്രേസ്യയെപ്പോലുള്ള വിശുദ്ധർ അദ്ദേഹത്തെ ഏറെ ശക്തിമാനായ സ്വർഗ്ഗീയമദ്ധ്യസ്ഥനായി കരുതി. 1871-ൽ ഒൻപതാം പീയൂസ് മാർപ്പാപ്പ യൗസേപ്പിനെ സാർവത്രികസഭയുടെ തന്നെ മദ്ധ്യസ്ഥനായി പ്രഘോഷിച്ചു. തൊഴിലാളികളുടെ മദ്ധ്യസ്ഥനായും അദ്ദേഹം വണങ്ങപ്പെടുന്നു. ആശാരിപ്പണിയുടെ ഉപകരണങ്ങളും, പുഷ്പിക്കുന്ന ദണ്ഡും മറ്റും ചേർത്താണ് യൗസേപ്പിനെ ചിത്രീകരിക്കാറ്. യൗസേപ്പിന്റെ തിരുനാളുകൾ മരണദിനമായി കരുതപ്പെടുന്ന മാർച്ച് 19-നും തൊഴിലാളികളുടെ മദ്ധ്യസ്ഥനെന്ന നിലയിൽ മേയ് 1-നും ആഘോഷിക്കപ്പെടുന്നു.

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപം

നീതിമാൻ എന്നു വിശുദ്ധ ഗ്രന്ഥം ഉദ്‌ഘോഷിക്കുന്ന വിശുദ്ധ യൗസേപ്പേ, അങ്ങുന്നു ദൈവസ്നേഹത്തിലും സേവനത്തിലും വിശ്വസ്തനും വിവേകിയുമായി ജീവിച്ചു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അലട്ടിയപ്പോഴും പ്രതിസന്ധികൾ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴും അങ്ങുന്നു ദൈവത്തോടു വിശ്വസ്തനായിരുന്നു. അധ്വാനിച്ചും ജോലിചെയ്തും അങ്ങുന്നു കുടുംബസംരക്ഷണത്തിൽ പ്രദർശിപ്പിച്ച ഉത്തരവാദിത്വബോധം ഞങ്ങൾക്കു മാതൃകയായിരിക്കട്ടെ. ഉത്തമകുടുംബപലകാ, ഞങ്ങളുടെ കുടുംബത്തെയും കുടുംബാംഗങ്ങളെയും പാലിക്കണമേ. ഞങ്ങളുടെ മരണനേരത്ത് അങ്ങയുടെ പ്രിയപത്നിയോടും വത്സലസുതനോടും കൂടെ ഞങ്ങളുടെ സഹായത്തിനു വരികയും ചെയ്യണമേ.
ആമ്മേൻ.