ബൈബിള്‍ ചിത്രകഥകളുടെ പിറവിക്ക് പിന്നില്‍

അവലംബം
സൺ‌ഡേ ശാലോം
(ഈ ലേഖനം സൺ‌ഡേ ശാലോമിൽ നിന്നും പകർത്തിയതാണ്)
ലേഖകൻ
റവ. ഡോ. മൈക്കിള്‍ കാരിമറ്റം
(ബൈബിള്‍ പണ്ഡിതന്‍)

കുട്ടികള്‍ക്ക് ബൈബിള്‍ പഠനം കൂടുതല്‍ എളുപ്പമുള്ളതാക്കുക എന്ന ഉദേശത്തോടെയാണ് ബൈബിള്‍ ചിത്രകഥകള്‍ക്ക് തുടക്കമിടുന്നത്. ഇതരമതസമൂഹങ്ങളിലെ മതഗ്രന്ഥങ്ങള്‍ അന്ന് ചിത്രകഥകളായി പ്രചാരമുള്ള കാലം. എന്നാല്‍ ബൈബിള്‍ ചിത്രകഥകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ചിത്രകഥാരൂപത്തില്‍ വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് ബൈബിളുമായി പരിചയപ്പെടാന്‍ എളുപ്പമായിരിക്കും എന്നു തോന്നി. മതാധ്യാപകര്‍ ഈ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിച്ചു. താലന്ത് മാസികയിലൂടെ മൂന്നുവര്‍ഷമായി ബൈബിള്‍ ചിത്രകഥ പ്രസിദ്ധീകരിച്ചുള്ള പരിചയം കൈമുതലുണ്ടായിരുന്നു. പി.ഒ.സിയില്‍ വച്ച് ആര്‍ട്ടിസ്റ്റ് ദേവസിയുമായുള്ള പരിചയവും മറ്റൊരനുഭവമായി. 1983 സെപ്റ്റംബറില്‍ രൂപതയിലെ അവരുടെ വാര്‍ഷികധ്യാനത്തിന്റെ അവസരത്തില്‍ ഈ ആശയം വൈദികരുടെ പരിഗണനയ്ക്ക് വച്ചു. 1983 നവംബര്‍ ഒന്നാം തിയതി ‘ഏലിയാ പ്രവാചകന്‍’ എന്ന ആദ്യപുസ്തകം അങ്ങനെ പുറത്തുവന്നു. എങ്ങനെ വിതരണം ചെയ്യണമെന്നോ, എങ്ങനെ ഓര്‍ഡര്‍ സ്വീകരിക്കണമെന്നോ ഉള്ള ആശയം അന്ന് എനിക്കില്ലായിരുന്നു. കേരളത്തിലെ എല്ലാ രൂപതാ കേന്ദ്രങ്ങളിലേക്കും കത്ത് സഹിതം സാമ്പിള്‍കോപ്പി അയച്ചു. പരിചയമുള്ള കത്തോലിക്കാ ബുക്ക് സ്റ്റാളുകളിലും പുസ്തകം എത്തിച്ചു. എല്ലായിടത്തുനിന്നും തണുത്ത പ്രതികരണമായിരുന്നു. പ്രതീക്ഷിച്ചതുപോലെ വിറ്റു പണം കിട്ടിയതുമില്ല. രണ്ടുമാസത്തിനകം ‘ഏലിഷാ’ ചിത്രകഥ പുറത്തുവന്നു. 84 ഒക്‌ടോബര്‍ ആയപ്പോഴേക്കും പുസ്തകങ്ങള്‍ അഞ്ചായി. എന്നിട്ടും മുടക്കിയ പകുതി തുകപോലും തിരിച്ച് കിട്ടിയില്ല. ഓര്‍ഡറുകളും കുറഞ്ഞു. 20,000 ത്തോളം കോപ്പികള്‍ അച്ചടിച്ചെങ്കിലും ആദ്യപുസ്തകങ്ങളുടെ പകുതിയോളം ‘കോംപ്ലിമെന്ററി’ ആയി കൊടുക്കേണ്ടിവന്നു. സഹകരണം വാഗ്ദാനം ചെയ്തവര്‍ പിന്‍വലിഞ്ഞു. ചിത്രകഥ നിര്‍ത്തുന്നതിനു മുമ്പ് അവസാന ശ്രമമെന്ന നിലയില്‍ പ്രസിദ്ധീകരണങ്ങളില്‍ പരസ്യം കൊടുക്കുവാന്‍ നിശ്ചയിച്ചു.

‘ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ 50 ചിത്രകഥാ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നു’ എന്നായിരുന്നു പരസ്യം. 1985 ജനുവരിയില്‍ ‘കായേനും ആബേലും’ എന്ന ചിത്രകഥ മലയാളത്തില്‍ 15,000 വും ഇംഗ്ലീഷില്‍ 10,000 വും കോപ്പി വീതം അച്ചടിച്ചശേഷം ഞാന്‍ പ്രാര്‍ഥിച്ചു, കര്‍ത്താവേ, ഇതിന് ഓര്‍ഡര്‍ കിട്ടാന്‍ നീ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പദ്ധതി റദ്ദാക്കും. എന്നാല്‍ അവിടെ ദൈവഹം ഇടപെട്ടു. ഒരു മാസത്തിനകം മലയാളം 10,000 കോപ്പിയും ഇംഗ്ലീഷ് 5000 കോപ്പിയും വിറ്റു. ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യയും ലഭിച്ചു. അങ്ങനെ വലിയ ബുദ്ധിമുട്ടുകൂടാതെ ആ വര്‍ഷം ആറുപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു.

ചിത്രകഥകള്‍ തുടരെ തുടരെ തുടങ്ങിയപ്പോള്‍ മലയാളത്തിന്റെ അതിരുകള്‍ വിട്ട് പുസ്തകം അന്യനാടുകളിലേക്കും ചേക്കേറി. മിസോറാമില്‍ നിന്നു ‘മിസോ’ ഭാഷയില്‍ ചിത്രകഥ പ്രസിദ്ധീകരിക്കുവാന്‍ അനുമതി ചോദിച്ച് അവര്‍ എഴുതി. 50 ബൈബിള്‍ ചിത്രകഥകള്‍ ആ ഭാഷയില്‍ പിന്നീട് പ്രസിദ്ധീകരിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നും തെലുങ്ക് ഭാഷയില്‍ വിവര്‍ത്തനം ചെയ്യാന്‍ ഒരു കൂട്ടര്‍ താല്‍പര്യം പ്രകടിപ്പിച്ചു. കൂടാതെ ഹിന്ദി, തമിഴ്, ബോഡോ, കൊങ്കിണി, കന്നഡ, ഒറിയ, ആസാമീസ്, ഘാരോ, ഘാസി തുടങ്ങിയ 13 ഭാഷകളില്‍ ഈ ചിത്രകഥകള്‍ക്ക് വിവര്‍ത്തനങ്ങളുണ്ടായി. 1987-ല്‍ മരിയന്‍ വര്‍ഷം പ്രമാണിച്ച് മാതാവിനെക്കുറിച്ച് ഒരു ചിത്രകഥയും തയാറാക്കി. ഒരേസമയം അഞ്ചുഭാഷകളില്‍ ഇത് പ്രസിദ്ധീകരിച്ചു. വലിയ സ്വീകരണമാണ് ലഭിച്ചത്.

കുട്ടികള്‍ക്ക് ചായംകൊടുക്കാനും പാട്ടുപാടിയും കഥപറഞ്ഞുമൊക്കെ ബൈബിള്‍ പഠിക്കുന്നതിന് സഹായകരമായ വിധത്തില്‍ ‘കുട്ടികള്‍ക്കായി ഒരു ബൈബിളും’ തയാറാക്കി. ചില രൂപതകള്‍ സണ്‍ഡേ സ്‌കൂളിലെ ഉപപാഠപുസ്തകമായി ഈ ചിത്രകഥകളും സ്വീകരിച്ചു. ഇതിനായി പിന്നീട് ഒരു അധ്യാപക സഹായിയും തയ്യാറാക്കിയിരുന്നു. പിന്തിരിഞ്ഞുനോക്കുമ്പോള്‍ ദൈവം നല്‍കിയ അനുഗ്രഹത്തിന് നന്ദി മാത്രം. അത്ഭുതകരമായി അവിടുന്ന് നയിച്ചു. അവിടുത്തെ കരം കോര്‍ത്തുപിടിച്ച് ഞാന്‍ മുന്നോട്ട് പോയി, ഇന്നും അങ്ങനെതന്നെ.