മനസുരുകിയ സംഭവങ്ങള്‍

അവലംബം
സൺ‌ഡേ ശാലോം
(ഈ ലേഖനം സൺ‌ഡേ ശാലോമിൽ നിന്നും പകർത്തിയതാണ്)
ലേഖകൻ
ഫാ.സ്‌കറിയാ കല്ലൂര്‍
(പീസ് ആന്റ് ഹാര്‍മണി ഫൗണ്ടേഷന്‍ ചെയര്‍മാന്‍)

കണ്ണൂരില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഭവനങ്ങളില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കലാപത്തില്‍ മനസും ശരീരവും നൊന്തുപോയ അവരെ അടുത്തറിയാന്‍ കഴിഞ്ഞത് മറക്കാനാവാത്ത ഓര്‍മയാണ്.

അക്രമ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിലും പോകാനിടയായി. അവിടെയെല്ലാം കാണാന്‍ കഴിഞ്ഞത് മകന്റെയോ ഭര്‍ത്താവിന്റെയോ മരണം മൂലം വേദനിക്കുന്ന കുഞ്ഞുങ്ങളെയും സ്ത്രീകളെയുമൊക്കെയായിരുന്നു.

ഈയിടെ ഞങ്ങള്‍ ഒരു വീട്ടിലെത്തിയപ്പോള്‍ അവിടെയൊരു യുവാവിനെ കാണാനിടയായി. അവന്റെ അപ്പനെ രാഷ്ട്രീയവൈരത്തിന്റെ പേരില്‍ ആരോ കൊലപ്പെടുത്തിയതാണ്. അയാളുടെ മകന്‍ ഒരു ബി.എ വിദ്യാര്‍ത്ഥി. അവന്റെ മനസിനെ പ്രതികാര ചിന്തയില്‍നിന്ന് മോചിപ്പിക്കാനും പുതിയൊരു മേച്ചില്‍പ്പുറത്തേക്ക് നയിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. ഈ പയ്യനെ സൗജന്യമായി കോട്ടയത്തുകൊണ്ടുപോയി ബിഎഡ് പഠിപ്പിക്കാമെന്ന് ഒരു അധ്യാപകന്‍ ഉറപ്പ് നല്‍കി. കാര്യങ്ങളെല്ലാം പറഞ്ഞ് അവന്റെ അമ്മയെയും ബോധ്യപ്പെടുത്തി. എന്നാല്‍ സ്വതന്ത്രമായി നിലപാട് എടുത്ത് ആ സാഹചര്യത്തിലേക്ക് വരാന്‍ അവന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

എന്നെ ഏറ്റവും സ്പര്‍ശിച്ച സംഭവങ്ങളിലൊന്ന് നാരായണിയമ്മ എന്ന സ്ത്രീയെ കാണാന്‍ പോയതാണ്. അവരുടെ ഭര്‍ത്താവും മകനും കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളായി മരണമടഞ്ഞിരുന്നു. ‘ഫാദറേ,എന്റെ മോനെ ഞാന്‍ ഒരു രാഷ്ട്രീയത്തിലും വിട്ടിട്ടില്ല. മകന്‍ പ്രാര്‍ത്ഥിച്ചുണ്ടായ കുട്ടിയാണ്. അച്ഛനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അച്ഛന്‍ രാഷ്ട്രീയ പ്രവര്‍ത്തകനൊക്കെയായിരുന്നു. എനിക്കതില്‍ വിഷമമില്ല പക്ഷേ മോന് ഇതുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും 22 വയസുവരെ ഞാന്‍ ആറ്റുനോറ്റുവളര്‍ത്തിയ എന്റെ മകനെ അവര്‍ കണ്‍മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തി… ഇന്നും ആ അമ്മ എന്റെ മനസില്‍ നീറുന്നൊരു വേദനയാണ്.

ആരംഭകാലത്ത് വൈദികന്‍ എന്ന നിലയില്‍ എന്നോട് കാര്യങ്ങള്‍ തുറന്ന് പറയാന്‍ അവര്‍ക്കൊരു വൈമുഖ്യം തോന്നിയിരുന്നെങ്കില്‍ നിരന്തരമായി ഈ പ്രവര്‍ത്തനമേഖലയിലുള്ളതുകൊണ്ടും മറ്റു താല്പര്യങ്ങളൊന്നും ആരും എന്നില്‍ ആരോപിക്കാത്തതുകൊണ്ടും ഇന്ന് തുറന്ന മനോഭാവത്തോടെ ആളുകള്‍ സ്വീകരിക്കാറുണ്ട്.

ഞങ്ങള്‍ സമാധാന പ്രവര്‍ത്തനവുമായി കടന്നുചെന്ന നാളുകളില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ പലരും സംശയത്തോടെയാണ് നോക്കിയത്. എന്നാല്‍ പിന്നീട് പുകമറ നീങ്ങിയപ്പോള്‍ അവരില്‍ പലരും താല്പര്യത്തോടെ കാണാന്‍ തുടങ്ങി. കടുത്ത രാഷ്രട്രീയക്കാരനായ ഒരു നേതാവ് പറഞ്ഞു: ”നിങ്ങള്‍ പ്രവര്‍ത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.” ഇങ്ങനെ പറഞ്ഞ ധാരാളം പേരുണ്ട്. അതോടൊപ്പം പലപ്പോഴും ഞങ്ങളോട് പറയാറുണ്ട്, ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് അവിടിവിടെയായി ചില ചെറിയ മാറ്റങ്ങളൊക്കെയുണ്ടാകുന്നുണ്ടെന്ന്.

കണ്ണൂര്‍ രാഷ്ട്രീയത്തെ അക്രമവിമുക്തമാക്കണമെങ്കില്‍ എനിക്ക് തോന്നുന്നു, ഏറ്റവും പ്രധാനമായി നമ്മള്‍ ചെയ്യേണ്ടത് വിദ്യാഭ്യാസ മേഖലയില്‍ സമാധാനത്തിലൂന്നിയുള്ള മൂല്യബന്ധമായ പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നതാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ പോയാല്‍ നമ്മള്‍ കാണുന്നത് അവിടെയൊക്ക അക്രമരഹിത വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്നു എന്നുള്ളതാണ്. ഒരു കുട്ടി ഒരു അക്രമം ചെയ്താല്‍ അവനെ താക്കീത് ചെയ്യുക, വിദ്യാര്‍ത്ഥികളില്‍ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെങ്കില്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാനുളള ശ്രമങ്ങള്‍ നടത്തുക തുടങ്ങിയവയെല്ലാം അവര്‍ ചെയ്യാറുണ്ട്. വിദ്യാഭ്യാസ മേഖലയെ അന്തര്‍ദേശീയ തലത്തിലെത്തിക്കുന്നതിന് കേരള സര്‍ക്കാര്‍ ആയിരം കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം ഇപ്പോള്‍ സ്മാര്‍ട്ട് ക്ലാസ് ഉണ്ടാക്കുന്നതിനും നിലവിലുള്ള സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമൊക്കെയായി ചിലവഴിക്കുന്നു. ഏറ്റവുമധികം ഫോക്കസ് ചെയ്യേണ്ടത് വിദ്യാഭ്യാസ മേഖലയിലാണ്. അതിന് കോളജുകളെ രാഷ്ട്രീയ വിമുക്തമാക്കണം.