മദ്യവിപണിയില്‍നിന്നും ദൈവം കരകയറ്റി

അവലംബം
സൺ‌ഡേ ശാലോം
(ഈ ലേഖനം സൺ‌ഡേ ശാലോമിൽ നിന്നും പകർത്തിയതാണ്)
ലേഖകൻ
ഔസേപ്പച്ചന്‍ പുതുമന
(വചനപ്രഘോഷകന്‍)

എളുപ്പത്തില്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന ഒരു ബിസിനസിലേക്കാണ് 1985 ല്‍ ഞാന്‍ വന്നത്. അത് മദ്യവ്യാപാരമായിരുന്നു. അങ്ങനെ നാടൊട്ടുക്ക് ബന്ധങ്ങളും കൈനിറയെ പണവുമായി ഞാന്‍ ബഹുദൂരം മുന്നോട്ടുപോയി.

കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ മദ്യവ്യവസായവും കാസര്‍കോഡ് ‘കാവേരി’ എന്ന ബാര്‍ ഹോട്ടലുമാണ് അന്ന് നടത്തിക്കൊണ്ടിരുന്നത്.

വര്‍ഗീയസംഘട്ടനം പെട്ടെന്ന് ഉണ്ടാകുന്ന പട്ടണമാണ് കാസര്‍കോഡ്. മദ്യപിക്കാന്‍ വരുന്നവര്‍ കാവേരി ബാര്‍ ഇടത്താവളമായി കണ്ടു. അധികം വൈകാതെ കലാപത്തിന്റെ സിരാകേന്ദ്രമായി മാറുകയായിരുന്നു സ്ഥാപനം.

ആ നാളുകളില്‍ ബാറില്‍ വച്ചുണ്ടായൊരു സംഭവം എന്നെ വല്ലാതെ പിടിച്ചുകുലുക്കി. മകളുടെ വിവാഹത്തിന് കരുതിയ പണവുമായി ഒരു പിതാവ് ബാറിലെത്തി. മദ്യപിച്ച് ലക്കുകെട്ട അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും അടങ്ങിയ ബാഗ് എങ്ങനെയോ നഷ്ടപ്പെട്ടുവത്രേ. സമയത്ത് പണം കൊടുക്കാനാകാതെ വന്നതോടെ ആ വിവാഹം മുടങ്ങി. ഉള്ളിലെവിടെയോ ഒരു നീറ്റല്‍ എന്നില്‍ ആളിപ്പടരാന്‍ തുടങ്ങി. ഇത്തരത്തിലുള്ള അനേകരുടെ കണ്ണുനീര്‍, മുത്തുമണികളായി ദിവസവും എന്റെ മുന്നില്‍ അടര്‍ന്നുവീണു…

ഉള്ളില്‍ അസ്വസ്ഥത നിറഞ്ഞപ്പോള്‍ മറ്റൊരു പോംവഴിയുമില്ലാതെയാണ് ധ്യാനത്തിന് പോകുന്നത്. കൊടുമ്പിടി താബോര്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. ജയിംസ് മഞ്ഞാക്കല്‍ നയിച്ച ധ്യാനമായിരുന്നു അത്. മദ്യത്തിനും അതിലൂടെ ലഭിക്കുന്ന പണത്തിനും വേണ്ടി നെട്ടോട്ടം ഓടിയ എന്റെ മാനസാന്തരത്തിനുവേണ്ടി മാതാപിതാക്കളും ബന്ധുമിത്രാദികളും നിരന്തരമായി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നു. അനേകരുടെ പ്രാര്‍ത്ഥനയാകാം, ദൈവം എന്റെ ഹൃദയഭിത്തിയെ തുളച്ചു…

മടങ്ങിയെത്തിയ ഞാനൊരു തീരുമാനമെടുത്തു. ബാര്‍ ഹോട്ടല്‍ അടച്ചുപൂട്ടാനായിരുന്നു അത്. 1990 ലായിരുന്നു അത്. വല്ലപ്പോഴുമുള്ള മദ്യപാനവും അവിടെ അവസാനിച്ചു. ബാര്‍ വാടകക്ക് നടത്തുന്നതിനും ലൈസന്‍സ് വാങ്ങുന്നതിനും നിരവധി പേര്‍ പണവുമായി ആ നാളുകളില്‍ എന്നെ സമീപിക്കാറുണ്ടായിരുന്നു. മദ്യവ്യവസായം തെറ്റാണെന്ന് തികഞ്ഞ ബോധ്യമുണ്ടായതോടെ ആ കെട്ടിടം ബാര്‍ ആവശ്യത്തിന് വാടകയ്ക്ക് കൊടുത്തില്ല. മദ്യവ്യവസായം നിറുത്തിയതുവഴി ഏതാണ്ട് നൂറുകോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. ഉദ്യോഗസ്ഥവൃന്ദങ്ങള്‍ അകന്നു… ലോകത്തിന്റെ അംഗീകാരങ്ങളും നിലച്ചു… പക്ഷേ, ഒരിക്കലും നഷ്ടബോധം തോന്നിയില്ല. നശിച്ചുപോകുമായിരുന്ന അനേകം ആത്മാക്കളെ രക്ഷപെടുത്താന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു അന്നൊക്കെയുള്ളില്‍ ജ്വലിച്ചിരുന്നത്.

കേരളത്തില്‍ ആദ്യമായി ആത്മീയതയുടെ പേരില്‍ ബാര്‍ ഹോട്ടല്‍ അടയ്ക്കുകയും മദ്യവരുമാനം വേണ്ടെന്നു വയ്ക്കുകയും ചെയ്യുക മാത്രമല്ല, നിരവധി വ്യക്തികളെ മദ്യവ്യവസായത്തില്‍നിന്ന് മോചിപ്പിക്കാനും ദൈവം എന്നെ ഉപകരണമാക്കി. അറിയപ്പെടുന്ന മദ്യവ്യവസായികളായിരുന്ന ആരക്കുഴ കൊച്ചുപറമ്പില്‍ ജോയി, ബാബുരാജ് തോട്ടത്തില്‍, പോള്‍ കണിച്ചായി തുടങ്ങി പത്തിലധികം മദ്യവ്യവസായികളും ആയിരക്കണക്കിന് മദ്യപാനികളും നേര്‍വഴിയിലേക്ക് തിരിഞ്ഞു… ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ അഴിമതിയില്‍ നിന്ന് മോചിപ്പിക്കാനും ദൈവം എനിക്ക് പ്രചോദനമേകി.

”ഉല്പാദിപ്പിക്കുന്നവരും ഉപയോഗിക്കുന്നവരും കൊടുക്കുന്നവരും ഒരുപോലെ നശിക്കുന്ന വ്യവസായമാണ് മദ്യം. ജനത്തിന് ഒരു ഗുണവും ചെയ്യാത്ത ഈ വ്യവസായംമൂലം അഴിമതി, ധൂര്‍ത്ത് എന്നിവ പെരുകുന്നു. ഓരോ പ്രദേശത്തെയും മദ്യവ്യവസായികളുടെയും ഉപഭോക്താക്കളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതത്തിലൂടെ കണ്ണോടിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും… കേരളത്തിലെ പത്തു ശതമാനം വരുന്ന സ്ഥിരമദ്യപാനികള്‍ക്കായി കവലകള്‍ തോറും മദ്യം ലഭ്യമാക്കിയാല്‍ മറ്റുള്ളവര്‍ കൂടി മദ്യപാനികളാകാന്‍ പ്രലോഭിതരാകും. അതുകൊണ്ട് മദ്യലഭ്യത കുറക്കുക എന്നതാണ് ഈ തിന്മ പെരുകാതിരിക്കാനുള്ള ഏക പരിഹാരം. ദൈവത്തോടു കൂട്ടുചേര്‍ന്ന് മുന്നോട്ട് പോകുക, എല്ലാവരും ഒന്നിച്ചു നിന്നാല്‍ മദ്യപ്പിശാചിനെ നാടുകടത്താന്‍ കഴിയും…