സന്ധ്യാ പ്രാർത്ഥനക്ക് അമ്മ പഠിപ്പിച്ച പാട്ടുകൾ എന്നെ ഗായികയാക്കി

അവലംബം
സൺ‌ഡേ ശാലോം
(ഈ ലേഖനം സൺ‌ഡേ ശാലോമിൽ നിന്നും പകർത്തിയതാണ്)
ലേഖിക
എലിസബത്ത് രാജു
(പ്രശസ്ത പിന്നണി ഗായിക)

ദൈവാനുഗ്രഹങ്ങളെപ്പറ്റി പറയുകയോ ചിന്തിക്കുകയോ ചെയ്യുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് എന്റെ കുടുംബമാണ്. സംഗീതം ഇഷ്ടപ്പെടുന്ന നല്ലൊരു കുടുംബത്തിലെ അംഗമാകാനും മാതാപിതാക്കളുടെയും സഹോദരിമാരുടെയും സ്‌നേഹവും കരുതലും ആവോളം ലഭിച്ച് വളരാനുണ്ടായ ഭാഗ്യം, അതുതന്നെയാണ് ഏറ്റവും വലിയ ദൈവാനുഗ്രഹം. അവർ നൽകിയ മൂല്യങ്ങളും ശിക്ഷണങ്ങളും ദൃഢവിശ്വാസവുമാണ് എന്നെ നയിക്കുന്ന ശക്തി. എന്നെ സംഗീതവഴിയിലേക്ക് നയിച്ചത്, സന്ധ്യാപ്രാർത്ഥനയ്ക്ക് പാടാൻ വേണ്ടി അമ്മ പഠിപ്പിച്ച പാട്ടുകളാണ്. പ്രാർത്ഥനയ്ക്ക് ഞാൻ പാടുന്നത് കേട്ടിട്ടാണ് അച്ച എന്നെ സംഗീതം അഭ്യസിക്കാൻ കലാഭവനിൽ ചേർക്കുന്നത്. അന്നെനിക്ക് നാലുവയസ്. പാട്ട് പഠിക്കാനും സംഗീതമത്സരങ്ങളിൽ പങ്കെടുക്കാനും മടി കാണിച്ച ഞാൻ അച്ചയുടെ നിർബന്ധപ്രകാരമാണ് ഇതിനൊ ക്കെ പങ്കെടുക്കുന്നത്. ദൈവത്തിന്റെ ഇടപെടലായിരുന്നു എല്ലാം.

നമ്മുടെ കഴിവ് അളക്കുന്ന അളവുകോലായി മുമ്പൊക്കെ സമൂഹം കണ്ടത് സ്‌കൂൾ യുവജനോത്സവങ്ങളിൽ കിട്ടുന്ന ഒന്നാം സ്ഥാനമായിരുന്നു. എന്നോട് പല ആളുകളും ചോദിച്ചതും അതാണ്. സ്‌കൂൾ യുവജനോത്സവത്തിൽ ലളിതഗാനമത്സരത്തിന് ഒന്നാം സമ്മാനം കിട്ടിയോ എന്ന്. ഇല്ലെന്ന് പറഞ്ഞാൽ അവരുടെ മുഖം വാടും. അതുകാണുമ്പോൾ നമ്മുടെ മുഖവും. എട്ടാം ക്ലാസിലും ഒമ്പതിലും ലളിതഗാനമത്സരത്തിൽ രണ്ടാം സ്ഥാനമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ യുവജനോത്സവത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തണമെന്ന് ഞാൻ പ്രാർത്ഥിച്ചതും അതായിരുന്നു. ദൈവാനുഗ്രഹത്താൽ എനിക്ക് സംസ്ഥാന തലത്തിൽ സെലക്ഷൻ കിട്ടി. എല്ലാ ജില്ലകളിൽ നിന്നും മത്സരിച്ച് കഴിവ് തെളിയിച്ച കുട്ടികളായിരിക്കുമല്ലോ ഫൈനൽ റൗണ്ടിൽ എത്തുന്നത്. അതുകൊണ്ടു തന്നെ ഏറെ ഭയത്തോടെയും ആശങ്കയോടെയുമാണ് പങ്കെടുത്തത്. ഓരോ മത്സരാർത്ഥിയുടെയും ഗാനങ്ങൾ കേൾക്കുമ്പോൾ എന്റെ ടെൻഷൻ വർദ്ധിച്ചുവന്നു. ഒടുവിൽ എന്റെ ഊഴമായപ്പോൾ ആ പിരിമുറുക്കം അതിന്റെ മൂർദ്ധന്യവസ്ഥയിലായി. എങ്കിലും ആശങ്കകളെല്ലാം ഈശോയ്ക്ക് സമർപ്പിച്ച് മാതാവിനോട് പ്രാർത്ഥിച്ചുകൊണ്ടാണ് ഞാൻ സ്റ്റേജിൽ കയറുന്നത്. പാട്ട് പകുതിയായപ്പോൾ എന്റെ മനസാകെ ശൂന്യമായതുപോലെ. എനിക്ക് അടുത്ത വരിയോ ഈണമോ ഓർമ്മിക്കാൻ കഴിയുന്നില്ല. മാധ്യമപ്രവർത്തകരുൾപ്പെടെയുള്ള മുഴുവൻ ജനവും അപ്പോൾ എന്നെ ഉറ്റുനോക്കിയിരിക്കുകയായാണ്. ഞാനെന്നും പ്രാർത്ഥിക്കുന്ന ഈശോയുടെ തിരുഹൃദയരൂപമാണ് അപ്പോഴെന്റെ മനസിൽ തെളിഞ്ഞത്. ഞാൻ പോലുമറിയാതെ അപ്പോൾ പാട്ടിന്റെ വരികൾ ഏതോ വ്യത്യസ്തമായ സംഗീതത്തോടുകൂടി അധരത്തിൽ നിന്നും വരുന്നത് ഞാനറിഞ്ഞു. അതുവരെ എന്റെ മനസിൽ അങ്ങനെയൊരു ട്യൂൺ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. പിന്നെ ആ പാട്ട് മുഴുവൻ നല്ല രീതിയിൽ പാടാൻ സാധിച്ചു. ദൈവികസ്പർശം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. അങ്ങനെ പാലക്കാട് നടന്ന യുവജനോത്സവത്തിൽ ദൈവാനുഗ്രഹത്തിൽ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അന്ന് പങ്കെടുത്ത എല്ലാവർക്കും എ ഗ്രേഡും ലഭിച്ചിരുന്നു.

എന്റെ ആദ്യഗാനം റെക്കോർഡ് ചെയ്തത് വളരെ അപ്രതീക്ഷിതമായായിട്ടായിരുന്നു. മണവാളനച്ചൻ പിൽഗ്രിംസ് കമ്യൂണിക്കേഷൻസിന്റെ സാരഥിയായ കാലത്ത് ഇറക്കിയ ‘അനശ്വരയാഗ’മെന്ന ക്രിസ്തീയ ഭക്തിഗാന കാസറ്റിൽ പാടാനാ യി എന്നെ വിളിക്കുകയായിരുന്നു. അന്ന് ഞാൻ ഏഴാം ക്ലാസിലാണ്. ഈ വർക്കുമായി ബന്ധപ്പെട്ട ഫ്രെഡി പള്ളനാണ് സിസ്റ്റർ സുധ വഴിയുള്ള മുൻപരിചയത്തി ൽ റിക്കോർഡിങ്ങിനു എന്നെ വിളിപ്പിക്കുന്നത്. സിസ്റ്റർ സുധയുടെ കാസറ്റിലാണ് ആദ്യമായി ഞാൻ പാടിയിട്ടുള്ളത്. അത് കുട്ടികളുടെ ഗ്രൂപ്പ് സോങ്ങായിരുന്നു. ഈ വർക്കിലും കോറസ് പാടാനായിട്ടാണ് എന്നെ വിളിപ്പിക്കുന്നത്. എന്നാൽ മെയിൻ സിംഗേഴ്‌സിൽ ഒരാൾക്ക് എന്തോ കാരണത്താൽ അന്ന് സ്റ്റുഡിയോയിൽ എത്തിച്ചേരാൻ പറ്റിയില്ല. അതുകൊണ്ട് എന്നെക്കൊണ്ട് ആ പാട്ട് ഒന്ന് പാടിച്ചുനോക്കാമെന്ന് സംഗീതസംവിധാനം നിർവഹിച്ച ഫാ. ഇഗ്നേഷ്യസ് ചുള്ളിയിലും ഓർക്കസ്‌ട്രേഷൻ നടത്തിയ ഫ്രെഡി പള്ളനും കൂടി തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആ പാട്ട് എന്നെക്കൊണ്ടു പാടിച്ച് റിക്കോർഡ് ചെയ്തു. ആ കാസറ്റിൽതന്നെ കെസ്റ്ററിനൊപ്പം യുഗ്മഗാനവും പാടാനുള്ള അവസരവും തന്നു. ദൈവത്തിന് എന്നോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും ഫലമാണ് അവരെക്കൊണ്ട് ആ നിമിഷം അങ്ങനെ തോന്നിപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. തുടർന്ന് 15 വർഷമായി ഈ രംഗത്ത് തുടരാനും 2000 ത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങ ൾ പാടാനുമുള്ള ഭാഗ്യം ദൈവം തന്നു.

പ്രമുഖരായ പല സംഗീതസംവിധായകരുടെ ഗാനങ്ങൾ ആലപിക്കുവാനും യേശുദാസ്, പി. ജയചന്ദ്രൻ, എസ്.പി.ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാർ, ഉദയഭാനു, ജാനകിയമ്മ, പി.സുശീല, മാധുരി, ചിത്ര, സുജാത, ഉണ്ണിമേനോൻ, വേണു ഗോപാൽ തുടങ്ങി പ്രമുഖഗായകരോടൊപ്പം സ്റ്റേജ് പ്രോഗ്രാമുകൾ നടത്താനും ദൈവം അവസരമൊരുക്കി.

ഞാനാദ്യമായി പാടിയ പാട്ടും സ്റ്റേജ് പ്രോഗ്രാമിന് ആദ്യമായി നടത്തിയതും റിക്കോർഡ് ചെയ്ത ആദ്യഗാനവും എല്ലാം ക്രിസ്തീയ ഭക്തിഗാനം ആയിരുന്നുവെന്നത് വളരെ ആകസ്മികവും സന്തോഷപ്രദവുമായ കാര്യമാണ്. എന്റെ വീടിന് തൊട്ടുമുന്നിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദേവാലയമാണ്. അവിടെയാണ് ഞാനും സഹോദരിമാരും ക്വയർ ടീമിൽ പാടിയിരുന്നത്. ആ പ്രാർത്ഥനയിലൂടെ എന്റെ ജീവിതം മാതാവ് അനുഗ്രഹദായകമാക്കി മാറ്റി. ബി.എ മ്യൂസിക്കും എം.എ മ്യൂസിക്കും ഫസ്റ്റ് റാങ്കിൽ പാസാകാനും എം.എ റിസൽട്ട് വന്നയുടൻ തന്നെ നല്ലൊരു ജോലി ലഭിച്ചതും മാതാവിന്റെ മധ്യസ്ഥതയാൽ ദൈവം തന്ന അനുഗ്രഹമായി കാണുന്നു. ഫാ. ചെറിയാൻ കുനിയന്തോടത്തിലൂടെയാണ് ദൈവം എനിക്ക് ജോലി എന്ന സമ്മാനം നൽകിയത്.

പിന്നണിഗാനരംഗത്തും ദൈവം എനിക്ക് ഏറ്റവും നല്ലൊരു അവസരമാണ് നൽകിയത്. ജോണി സാഗരിഗയുടെ പ്രൊഡക്ഷനിൽ പ്രസിദ്ധ സിനിമ സംവിധായകനായ സിദ്ദിഖിന്റെ ‘ബോഡി ഗാർഡ്’ എന്ന സിനിമയിൽ കൈതപ്രത്തിന്റെ വരികളിൽ, ഔസേപ്പച്ചന്റെ ഈണത്തിൽ രണ്ടു മെലഡികൾ ആലപിക്കാൻ കഴിഞ്ഞു. എന്റെ അച്ചയുടെ സുഹൃത്തായ റെക്‌സ് ഐസക്‌സ് വഴിയാണ് സിദ്ദിഖ് എന്നെ പാടാൻ ക്ഷണിക്കുന്നത്. ആ ഗാനങ്ങൾ സൂപ്പർ ഹിറ്റായി. തുടർന്ന് ബിജിപാൽ, അൽഫോൻസ്, ബേണി ഇഗ്നേഷ്യസ് തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുടെ ഗാനങ്ങൾ സിനിമയിൽ ആലപിക്കാനും അവസരം ലഭിച്ചു.

ദൈവം എനിക്ക് തന്ന അമൂല്യസമ്മാനങ്ങളാണ് സംഗീതത്തെ വളരെയധികം സ്‌നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന എന്റെ ജീവിതപങ്കാളിയും ഞങ്ങളുടെ കുഞ്ഞും. ഐ.റ്റി മേഖലയിൽ ജോലി ചെയ്യുന്ന എന്റെ ഭർത്താവ് സംഗീതമേഖലയിൽ തുടരാൻ എനിക്ക് പൂർണപിന്തുണ നൽകുന്നു.സംഗീതം പരിശീലിക്കാനും അഭ്യസിക്കാനും എന്നെ പ്രചോദിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും എനിക്ക് പൂർണ പിന്തുണ നൽകുന്നു.ഇതെല്ലാം കുറിച്ചിടുമ്പോൾ, ഈ അടുത്ത കാലത്ത് ഞാൻ പാടിയ ഒരു ഗാനമാണ് എന്റെ മനസിലേക്ക് ഒഴുകിയെത്തുന്നത്:
”ഇത്രയേറെ കൃപകൾ നൽകിടുവാൻ,
എന്നിലെന്തു നന്മ കണ്ടു ദൈവമേ…”

എലിസബത്ത് രാജു
25 ജനുവരി 2020