ക്രിസ്‌തുമസ്‌ ആഘോഷം

ക്രിസ്‌തുമസ്‌ സന്ദേശം
ഭൗതികമായ ആഘോഷങ്ങൾക്കപ്പുറം, എന്റെ ഹൃത്തില്‍ എന്റെ ഭവനത്തില്‍ എന്റെ ഇടവകയില്‍ എന്റെ രാജ്യത്ത് ഉണ്ണിയേശു ജനിക്കട്ടെ.
ലേഖകൻ
ഫാ. ജോബി ചുള്ളിക്കാടൻ
(ഇടവക വികാരി)

"ആയിരം പുല്‍കൂടുകളില്‍ ഉണ്ണി പിറന്നാലും എന്റെ ഹൃദയത്തില്‍ ഈശോ ജനിക്കുന്നില്ലെങ്കില്‍ എനിക്ക് എന്ത് പ്രയോജനം?"

ഡിസംബര്‍ മാസം ക്രിസ്തുമസിനുള്ള ഒരുക്കമാണ്. ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ ബാഹ്യമായും ആന്തരികമായും ഒരുങ്ങുന്ന പുണ്യദിനങ്ങള്‍. ഡിസംബര്‍ ആദ്യ ദിവസം മുതല്‍ നോമ്പും പ്രാര്‍ത്ഥനകളും ഉപവാസവും വഴി നമ്മുടെ ശരീരത്തെയും മനസ്സിനെയും ഉണ്ണിയേശുവിനെ സ്വീകരിക്കുവാന്‍ ബലപ്പെടുത്താറുണ്ട്. ഇന്ന് എന്താണ് നമ്മുടെ ഒരുക്കം എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ആത്മീയ ഒരുക്കം വളരെ കുറവും ഭൗതികമായുള്ള കാര്യങ്ങളില്‍ കൂടുതല്‍, ഒരുപക്ഷേ അതിര് കടന്ന ആഘോഷങ്ങളും, അതില്‍ മദ്യവും മറ്റ് ഉല്പന്നങ്ങളും, നമ്മുടെ ജീവിതങ്ങളെ നിറക്കാറുണ്ട്. അതുക്കൊണ്ട് പലപ്പോഴും ഉണ്ണിയേശുവിന് പിറക്കുവാന്‍ ഇടം കിട്ടാറില്ല.

എന്നിട്ടും ഞാന്‍ ആത്മഗതം ചെയ്യുന്നു ഞാന്‍ ക്രിസ്തുമസ് ആഘോഷിച്ചു എന്ന്. ക്രിസ്തു പിറക്കാത്ത ആഘോഷങ്ങളില്‍ എന്ത് ക്രിസ്തുമസ്. അതുകൊണ്ട് ആന്തരികതയില്ലാതെ ഭൗതികതക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് നാം ജീവിക്കുമ്പോള്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാകും.

അതുകൊണ്ട് ഈ വര്‍ഷം നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയേശുവിന് പിറക്കാന്‍ ഇടം കൊടുക്കാം. വെളിപാട് പുസ്തകത്തില്‍ പറയുന്നതുപോലെ ഇതാ ഞാന്‍ വാതില്ക്കല്‍ വന്നു മുട്ടുന്നു.എന്റെ സ്വരം കേട്ട് ആരെങ്കിലും തുറന്ന് തന്നാല്‍ ഞാന്‍ അകത്ത് പ്രവേശിക്കുകയും അവനുമായി ഭക്ഷണത്തിനിരിക്കുകയും ചെയ്യും.

ലോകത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ എന്റെ ഹൃദയത്തില്‍ ജനിക്കുവാന്‍ ആഗ്രഹിച്ച് വാതില്ക്കല്‍ മുട്ടുന്ന ഈശോയുടെ സ്വരം തിരിച്ചറിയുവാന്‍ കൃപയേകണമേ എന്ന് പ്രാര്‍ത്ഥിക്കാം. എന്റെ ഹൃത്തില്‍ എന്റെ ഭവനത്തില്‍ എന്റെ ഇടവകയില്‍ എന്റെ രാജ്യത്ത് ഉണ്ണിയേശു ജനിക്കട്ടെ. ക്രിസ്തുമസിന്റെ ശാന്തിയും സമാധാനവും ഏവര്‍ക്കും നേര്‍ന്നുകൊണ്ട്, യേശുവില്‍ ഒത്തിരി സ്‌നേഹത്തോടെ,
ജോബിയച്ചന്‍.